ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ദക്ഷിണഗംഗയെന്നു പുകഴ്പെറ്റ പമ്പാനദിയുടെയും കല്ലാറിന്റേയും സംഗമസ്ഥാനമെന്ന നിലയില്‍ ഭൂമിശാസ്ത്രത്തില്‍ പണ്ടേ വടശ്ശേരിക്കര സ്ഥാനം ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ വടശ്ശേരി എന്നു പേരുള്ള ഒരു ഇല്ലം ഉണ്ടായിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുന്‍പേ നടന്ന പടയോട്ട കാലത്ത് ആ ബ്രാഹ്മണ കുടുംബം പ്രാണഭയം മൂലം നാടുവിട്ട് തെക്കോട്ട് സഞ്ചരിച്ച് നാഗര്‍കോവിലില്‍ താമസമുറപ്പിച്ചു. പണ്ഡിത വരേണ്യരും സന്ന്യാസശ്രേഷ്ഠരുമുള്‍പ്പെട്ട ആ കുടുംബത്തില ഒരു ശാഖ പില്‍ക്കാലത്ത്  പന്തളം രാജാവിന്റെ  അഭ്യര്‍ത്ഥന മാനിച്ച് ഇങ്ങോട്ട് പോന്നു. പെരുന്നാട് ധര്‍മ്മശാസ്താ ക്ഷേത്രം, മാടമണ്‍ ഋഷികേശക്ഷേത്രം, പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലെ കാരായ്മ അവകാശം നല്‍കി പമ്പയുടേയും കല്ലാറിന്റേയും സംഗമസ്ഥാനത്തോട് ചേര്‍ന്ന് രാജാവ് കരമൊഴിവായി നല്‍കിയ രണ്ടേക്കര്‍ നാല്പത്തിയെട്ട് സെന്റ് സ്ഥലത്ത് വടശ്ശേരി ഇല്ലം സ്ഥിതിചെയ്യുന്നു. മലകളും കുന്നുകളും ഉള്‍പ്പെട്ട ഹരിതഭംഗി നിറഞ്ഞ  ഹൃദയഹാരിയായ ഈ ഗ്രാമത്തിന്റെ കുറേ ഭാഗം വനമാണ്. മലഞ്ചരക്കുകളുടേയും കാര്‍ഷികോല്പന്നങ്ങളുടേയും വിപണനത്തിനു ജലഗതാഗതത്തെ മുഖ്യമായും ആശ്രയിച്ചിരുന്നു. അവകൊണ്ടുവന്നു ശേഖരിക്കുന്നതിനുള്ള സ്റ്റോറും ബംഗ്ളാവും പമ്പാനദിയുടെ തീരത്ത് പണി കഴിപ്പിച്ചിരുന്നു. അവിടെ നിന്നും ഉല്പന്നങ്ങള്‍ വള്ളങ്ങളില്‍ ആലപ്പുഴ, കൊച്ചി തുടങ്ങിയ പ്രസിദ്ധ വ്യാപാര കേന്ദ്രങ്ങളിലേക്കയക്കുകയായിരുന്നു പതിവ്. ബംഗ്ളാവ് ഉള്ള സ്ഥലമായതിനാല്‍ പ്രസ്തുതകടവിന് ബംഗ്ളാകടവെന്ന് പേര്‍ ലഭിച്ചു. 1099-ലെ വെള്ളപ്പൊക്കത്തില്‍ ബ്രീട്ടിഷ്തോട്ടമുടമകളുടെ വകയായിരുന്ന ബംഗ്ളാവ് നാമാവശേഷമായി. ശബരിമലയുടേയും മറ്റൊരു തീര്‍ത്ഥാടന കേന്ദ്രമായ നിലയ്ക്കലിന്റേയും കവാടമെന്ന് വടശ്ശേരിക്കരയെ വിശേഷിപ്പിച്ചു വരുന്നു. ഈ ഗ്രാമത്തിലെ പ്രഥമ വിദ്യാലയം 1087-ല്‍ സ്ഥാപിതമായ വടശ്ശേരിക്കര ഗവ.ലോവര്‍ പ്രൈമറി സ്ക്കൂളാണ് കാവനാല്‍ റബ്ബര്‍ എസ്റ്റേറ്റു മാനേജരായിരുന്ന ചാള്‍സ് ബ്രാണ്ടന്‍ എന്ന ബ്രീട്ടിഷുകാരനാണ് ഇത് സ്ഥാപിച്ചത്. 1907-ല്‍ ആരംഭിച്ച കുമ്പളാം പൊയ്ക സി.എം.എസ് ഹൈസ്ക്കൂളും 1920-ല്‍ ആരംഭിച്ച വടശ്ശേരിക്കര റ്റി.റ്റി.റ്റി.എം. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളും 1936-ല്‍ സ്ഥാപിച്ച ഇടക്കുളം ഗുരുകുലം മാര്‍ത്തോമ്മ ഹൈസ്കൂളും ഈ പഞ്ചായത്തിലെ സാമൂഹിക സാംസ്ക്കാരിക മണ്ഡലങ്ങള്‍ക്ക് ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. വടശ്ശേരിക്കര, പെരുനാട് പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന പമ്പാ ജലസേചനപദ്ധതി കേരളത്തിലെ പ്രധാന ജലസേചനപദ്ധതികളിലൊന്നാണ്. കക്കാട്ടാറില്‍ മണിയാര്‍ എന്ന സ്ഥലത്തു ഡാം കെട്ടി കനാല്‍ മാര്‍ഗ്ഗം ജലം പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ എത്തിക്കുന്നു.